ഏത് മീൻ കിട്ടിയാലും വറ്റിച്ചെടുക്കുന്നതാണ് മിക്കവാറും എല്ലാവർക്കും ഇഷ്ട്ടം. ചൂട് ചോറിനൊപ്പം മീൻ മുളകിട്ട് കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മീൻ വറ്റിച്ചതിനോടൊപ്പം അല്പം കപ്പ കൂടി കിട്ടിയാൽ പിന്നെ പറയുകയും വേണ്ട. മീൻ മുളകിട്ട് വറ്റിക്കുന്നതിനേക്കാൾ രുചികരമാണ് കുരുമുളക് ഇട്ട് വറ്റിച്ചെടുത്ത മീൻ കറി. രുചികരമായ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ഇതിലേക്ക് അല്പം കുരുമുളക് കുറച്ച് വെള്ളം കൂടി ചേർത്ത് തിളപ്പിച്ച് എടുക്കാം. നല്ലതുപോലെ തിളച്ചു കഴിഞ്ഞാൽ ഇത് വാങ്ങി വയ്ക്കാം.
മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അല്പം ഉലുവ ചേർത്ത് പൊട്ടിച്ച് എടുക്കാം. അരിഞ്ഞെടുത്ത കുറച്ച് സവാള കൂടി ഇതിലേക്ക് ചേർത്ത് വഴറ്റിയെടുക്കണം.
സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കാം. പാകത്തിന് കറിവേപ്പില കൂടി ചേർത്തതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കണം. ഇനി ഇതിലേക്ക് അല്പം മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. നേരത്തെ തിളപ്പിച്ച് മാറ്റിവെച്ചിരിക്കുന്ന കുരുമുളക് നല്ലതുപോലെ അരച്ചെടുത്തതിനുശേഷം അത് ഈ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം.
ഇതെല്ലാം കൂടി നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കണം. ശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞതും അല്പം പുളി പിഴിഞ്ഞതും കൂടി ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പും അല്പം വെള്ളവും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം. തിളച്ചു വരുമ്പോൾ ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർത്തു കൊടുക്കാം. മീൻ വെന്തു കഴിഞ്ഞാൽ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം. രുചികരമായ കുരുമുളകിട്ട് വറ്റിച്ചെടുത്ത മീൻ കറി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക