‘ആർ ഡി എക്സ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് താരജോഡികളായി മാറിയ ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘ഏദൻ പൂവേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ആൻഡോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. ഹിറ്റ് താരജോഡികളായ ഷെയ്നും മഹിമയും സിബി, ശോശ എന്നീ കഥാപാത്രങ്ങളായി സ്ക്രീനിൽ എത്തുന്നു.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ രണ്ടു കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്തമായ പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രം ബാല്യകാല സുഹൃത്തുക്കളായ സിബിയും ശോശയും ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പറയുന്നത്.
ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവരെ കൂടാതെ ബാബുരാജ്, രഞ്ജി പണിക്കർ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാ സെബാസ്റ്റ്യൻ, രമ്യ സുവി, മാല പാർവതി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ലൂക്ക് ജോസ് ആണ്. കൈലാസ്മേനോന്റെതാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക