പാചകം ഒരു കലയാണ്. മിക്കവരും വളരെയധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് പാചകം. ചിലർക്ക് പക്ഷെ ജോലി തിരക്കുകളാൽ നേരം കിട്ടിയെന്ന് വരില്ല. എങ്കിലും പാചകം ചെയ്യുന്നവർക്ക് എന്ത് ഉണ്ടാക്കിയാലും പ്രത്യേകം ചേർക്കുന്ന ചില പൊടിക്കൈകൾ ഉണ്ടാകും. പ്രത്യേകിച്ച് നോൺ വെജ് ഭക്ഷണങ്ങൾ. എന്നാൽ ഇറച്ചിയും മീനും മുട്ടയും തയാറാക്കുമ്പോഴുള്ള ആരോഗ്യകരമായ ചില പൊടിക്കൈകൾ കൂടി പരിചയപ്പെടാം.
ഇറച്ചിക്കറി തയാറാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആണ് ആരോഗ്യത്തിനു നല്ലത്.
മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.
മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.
മീൻകറിയും ഇറച്ചിക്കറിയും തയാറാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ഇതു സ്പൂൺകൊണ്ട് മാറ്റാം.
കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.
ചിക്കൻ ഫ്രൈ ഇഷ്ടമുള്ളവർ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്യുക.
പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.
മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.
മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.
മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.
മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക