പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ ആടുജീവിതത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ബോളിവുഡ് താരം രൺവീർ സിങ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ‘കാണേണ്ട കാഴ്ച തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് രൺവീർ സിങ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
നിറഞ്ഞൊഴുകിയ കണ്ണുകളുമായി നോക്കി നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്. വായനയിലൂടെ കണ്ട അതേ നജീബ് തന്നെയെന്ന് പ്രേക്ഷകർ പറയുന്നു. കേട്ടറിവിന്റെ പുസ്തക താളിലെ ഇതിഹാസം കാണാൻ കാത്തിരിക്കുന്നുവെന്ന് ആളുകൾ കമന്റ് സെക്ഷനിൽ കുറിച്ചു.
ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്.
വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക