പുഷ്പമേളയെ വരവേൽക്കാൻ ഒരുങ്ങി മലമ്പുഴ. പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല ഇവിടെ എത്തുന്ന സന്ദർശകർക്ക് ചെലവഴിക്കുന്ന സമയം മുഴുവൻ ആഘോഷമാക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിൽ ജനുവരി 23 മുതല്‍ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള നടക്കുക. രാവിലെ 8.00 മണി മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം.
ഓർക്കിഡ്, നാടൻ പൂക്കൾ, ചെണ്ടുമല്ലി, റോസുകള്‍, ഡെലീഷ്യ, കോസ്മോസ്, ഡാലിയ എന്നിങ്ങനെ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ നിരവധി പുഷ്പങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കാഴ്ചകളാണ് പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്.
മഞ്ഞ, വെള്ള, ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ആഫിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികൾ, പൂക്കളിലെ നിറങ്ങളുടെ വൈവിധ്യം തീർത്ത് പെറ്റൂണിയ, ചുവപ്പും വൈലറ്റും സ്വർണനിറത്തിലുമുള്ള സാൽവിയ, നക്ഷത്രംപോലെ തിളങ്ങുന്ന ആസ്റ്റർ, ഇല കാണാനാകാത്തവിധം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന വിങ്ക, സെലോസിയ, സൂര്യകാന്തിപ്പൂക്കൾ, കടലാസുപൂക്കൾ, വിവിധയിനം റോസ് തുടങ്ങി 35 ഇനങ്ങളിലേറെ സ്വദേശിയും വിദേശിയുമായ പൂക്കളാണ് ഉദ്യാനത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
പുഷ്മമേള ആരംഭിക്കുന്നതിനു മുന്‍പേ തന്നെ മലമ്പുഴ ഉദ്യാനത്തിൽ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. പൂക്കൾ കാണാനും അവയുടെ നിറവും ഭംഗിയും നേരിട്ട് ആസ്വദിക്കാനും നിരവധി ആളുകളാണ് എത്തുന്നത്. നാടനും മറുനാടനുമടക്കം 35 ൽ അധികം തരത്തിലുള്ള പൂക്കൾ പുഷ്പമേളയുടെ ഭാഗമായി മലമ്പുഴയിൽ ഒരുക്കിയിട്ടുണ്ട്.
ഇവ കൂടാതെ നമ്മുടെ നാട്ടിൽ സാധാരണമായതും അല്ലാത്തതുമായ സൂര്യകാന്തിപ്പൂക്കൾ, റോസാ ചെടികൾ, കടലാസുപൂക്കൾ തുടങ്ങിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ മുന്‍വശത്ത് ഓര്‍ക്കിഡും മറ്റിടങ്ങളില്‍ നാടന്‍പൂക്കളുമാണ് സജ്ജീകരിച്ചിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ചെടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏകദേശം ഇരുന്നൂറോളം വരുന്ന തൊഴിലാളികളാണ് ഉദ്യാനത്തിലെ ചെടികളെ പരിപാലിക്കുന്നത്.
കൂടാതെ സന്ദർശകർക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത രുചികൾ വിളമ്പുന്ന ഭക്ഷ്യമേളയും പൂക്കളുടെ കാഴ്ചകൾക്കൊപ്പം സമയം ചിലവഴിക്കാൻ കലാസാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യമേളയിൽ പാലക്കാടിന്റെ ഗോത്രവിഭവങ്ങളും തനത് നാടൻ വിഭവങ്ങളും ഒരുക്കും. ഹരിതചട്ടം പാലിച്ചാവും ഭക്ഷ്യമേള ഒരുക്കുക. ഇനി പാട്ടുപാടൻ നിങ്ങൾ ഒരുക്കമാണെങ്കിൽ ഇവിടെ തയ്യാറാകുന്ന പാട്ടുപുരയിൽ നിങ്ങളുടെ കഴിവ് പുറത്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക