‘രോമാഞ്ചം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജീത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഫഹദിനെ കൂടാതെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോളേജ് വിദ്യാർത്ഥികളും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം ‘രോമാഞ്ചം’ സിനിമ പോലെ തന്നെ റിയൽ ലൈഫ് സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ‘രംഗൻ’ എന്ന ഗുണ്ടയായി ഫഹദ് ഫാസിൽ വേഷമിടുന്നു. ‘രോമാഞ്ചം’ എന്ന ചിത്രത്തിന് സമാനമായി ബംഗളൂരു കേന്ദ്രീകരിച്ചാണ് ആവേശവും കഥ പറയുന്നത്. അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് അൻവർ റഷീദ് എന്റർടൈൻമെന്റ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നി ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എ റിലീസ് പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക