കാസർകോഡ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച് ഒരു മരണം. മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് അപകടത്തിൽ മരിച്ചത്. കുറ്റിക്കോലിൽ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുറ്റിക്കോൽ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി പിക്കപ്പ് വാനിൽ വന്ന് ഇടിക്കുകയായിരുന്നു.
ലോറിയും മിനി പിക്കപ്പ് വാനും റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിൽ കുടുങ്ങി കിടന്ന ജിജോയെ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക