സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശ്രീലങ്കയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറച്ച് കാലമായി കരളിലെ അർബുദത്തിന് ചികിത്സയിലായിരുന്നു.
മലയാളത്തിലും നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭവതാരിണി ആലപിച്ച “കളിയൂഞ്ഞാൽ” എന്ന ചിത്രത്തിലെ ‘കല്യാണ പല്ലക്കിൽ ഏറി പയ്യൻ’ എന്ന ഗാനം മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഗാനമാണ്. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് പാട്ടുകൾ അച്ഛനും സഹോദരങ്ങളായ സംഗീതസംവിധായകർ ആയ കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവർക്കൊപ്പം ഭവതാരിണി ആലപിച്ചിട്ടുണ്ട്.
“മിത്ര് മൈ ഫ്രണ്ട്” എന്ന രേവതി സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ സംഗീത സംവിധായികയായും ഭവതാരിണി എത്തി. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് “ഭാരതി” എന്ന ചിത്രത്തിലെ ‘മയിൽപോല പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിലൂടെ ഭവതാരിണിയെ തേടിയെത്തി. അവസാനമായി “മായാനദി” എന്ന മലയാള ചിത്രത്തിലാണ് ഭവതാരിണി പാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക