ധനുഷും തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണാനുമതി തിരുപ്പതിയിൽ താൽക്കാലികമായി റദ്ദാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
തിരുപ്പതിയിലും പരിസരപ്രദേശങ്ങളിലുമായി ആദ്യ ഷെഡ്യൂൾ പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്നാണ് ചിത്രീകരണാനുമതി തിരുപ്പതി പോലീസ് റദ്ദാക്കിയത്.
തിരുപ്പതിയിലെ അൽബിരി പ്രദേശത്താണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എന്നാൽ ചിത്രീകണം ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങൾ മറ്റ് വഴികളിലൂടെ കടത്തിവിടാൻ തുടങ്ങി. വൻ ഗതാഗത തടസം പതിവായതോടെയാണ് ചിത്രീകരണാനുമതി റദ്ദാക്കിയത്.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശേഖർ കമ്മൂല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഡിഎൻഎസ്. ധനുഷിന്റെയും നാഗാർജ്ജുനയുടെയും സംവിധായകൻ ശേഖറിന്റെയും പേരുകളുടെ ആദ്യത്തെ അക്ഷരം ചേർത്താണ് ചിത്രത്തിന് താൽക്കാലിക പേര് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക