ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. ധാരാളം അന്നജം അടങ്ങിയ ആരോറൂട്ട് അഥവാ കൂവക്കിഴങ്ങ് കൂവപ്പൊടി എന്ന പൊടിയായി സംസ്ക്കരിക്കപ്പെടുന്നു. ഊർജ്ജ സമ്പുഷ്ടമായ ഈ പൊടി മധുരവും എരിവുമുള്ള വിഭവങ്ങളിൽ ഒരുപോലെ ഉപയോഗിക്കുന്നു.
പ്രോട്ടീൻ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു നിധി ശേഖരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകുന്നു.
ദഹിപ്പിക്കാൻ എളുപ്പമുള്ളതും ഗ്ലൂറ്റൻ രഹിതവും ഉയർന്ന പോഷക ഗുണങ്ങളും ഉള്ള കൂവക്കിഴങ്ങും പൊടിയും മിതമായ ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ ഭക്ഷണമാണ്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കൂവപ്പൊടി. അത് ധാരാളം ഔഷധ, ചികിത്സാ ഗുണങ്ങൾ നൽകുന്നു.
ചേന, കപ്പ, മധുരക്കിഴങ്ങ് എന്നിവയോട് സാമ്യമുള്ള ഒരു അന്നജം അടങ്ങിയ പച്ചക്കറിയാണ് കൂവക്കിഴങ്ങ്. മറ്റ് അന്നജങ്ങളിൽ നിന്ന് വ്യത്യസ്തമായി കാർബോഹൈഡ്രേറ്റ്, അവശ്യ പോഷകങ്ങൾ എന്നിവ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.
മറ്റ് കിഴങ്ങുകളേക്കാൾ 5 ഗ്രാം പ്രോട്ടീൻ അരോറൂട്ട് കൂടുതൽ നൽകുന്നു. ഇത് ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. ഇവ കൂടാതെ, ജനന വൈകല്യങ്ങൾ തടയുന്നതിനും ഡിഎൻഎ രൂപപ്പെടുന്നതിനും ഗർഭാവസ്ഥയിൽ അത്യാവശ്യമായ ഫോളേറ്റ് വിറ്റാമിൻ ബി 9 നൽകുന്നതിനും ഇത് സഹായിക്കുന്നു.
കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്.
വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്ന കൂവ ഉപയോഗിച്ച് വീട്ടിൽ തന്നെ ആവശ്യമുള്ള പൊടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി കൂവ മണ്ണിൽ നിന്നും പൂർണ്ണമായും കിളച്ച് എടുക്കുക. അതിനുശേഷം കൂവയുടെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വെള്ളത്തിൽ കഴുകിയെടുക്കണം. കൂവ ചെറിയ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക.
അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ അരച്ചെടുക്കുന്ന കൂവയുടെ പേസ്റ്റിൽ നിന്നും അതിന്റെ കട്ട് മുഴുവനായും കളയേണ്ടതുണ്ട്.
അതിനായി ഏകദേശം നാല് ലിറ്റർ അളവിൽ വെള്ളം കൂവയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും രണ്ടോ മൂന്നോ തവണയായി കട്ട് അരിച്ചെടുത്ത് മാറ്റുക. ഇത്തരത്തിൽ അരിച്ചെടുത്ത മാറ്റിവയ്ക്കുന്ന വെള്ളമെല്ലാം കുറഞ്ഞത് 4 മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം.
അതിനുശേഷം അതിൽ നിന്നും താഴെ ഊറി വരുന്ന പൊടിയെടുത്ത് അത് ഒരു തോർത്തിലോ മറ്റോ വിതറി കൊടുക്കുക. ഇത് സൂര്യ പ്രകാശത്തിൽ വച്ച് നല്ലതുപോലെ ഉണക്കിയെടുക്കണം. ഒരു കാരണവശാലും കൂവ ഉണക്കാനായി പേപ്പർ ഉപയോഗിക്കരുത്.
നല്ല രീതിയിൽ ഉണങ്ങി കിട്ടിയ കൂവപ്പൊടി എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക