ജാർഖണ്ഡിൽ വിശ്വാസ വോട്ട് നേടി ചംപൈ സോറൻ സർക്കാർ. 29ന് എതിരെ 47 വോട്ട് നേടി എഎംഎം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിൽ തുടരും. ആകെ 81 അംഗങ്ങളുള്ള നിയമസഭയിൽ 29 വോട്ട് പ്രതിപക്ഷം നേടിയപ്പോൾ ഭരണപക്ഷത്തിന് 47 വോട്ട് ലഭിച്ചു.
ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലെയാണ് ചംപൈ സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും റായ്പൂരിലെ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭയിൽ സംസാരിച്ച സോറൻ ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും കണ്ണുനീരിന് വിലയില്ലെന്നും താൻ ഇവിടെ കണ്ണുനീർ വീഴ്ത്താൻ വന്നതല്ലെന്നും വികാരഭരിതനായി പറഞ്ഞു. ജനുവരി 31നാണ് കള്ളപ്പണ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക