പാചകം ചെയ്യുന്നവർക്ക് എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് കരിഞ്ഞ പാത്രങ്ങൾ. ഇത് എങ്ങനെ വൃത്തിയാക്കണം എന്ന് പലർക്കും അറിയില്ല. പാചകത്തിനിടെ അടിയില് പിടിച്ച പത്രങ്ങൾ ഇളക്കാൻ സാധിക്കാതെ വരുമ്പോൾ കളയുന്നവർ നിരവധിയാണ്.
പാത്രത്തിലെ ഇളകാത്ത കരിയെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാം.
വിനാഗിരി പാചകത്തിന് മാത്രമല്ല പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കുന്ന ഒന്നാണ്. കരിഞ്ഞ പാത്രം കഴുകാൻ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് മൂന്ന് സ്പൂൺ വിനാഗീരി ഒഴിക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് അടുപ്പത്ത് വെച്ച് അഞ്ച് മിനിട്ടെങ്കിലും തിളപ്പിക്കണം. ശേഷം തേച്ചുകഴുകി കളഞ്ഞാൽ മതി. ഇത് അടിയിൽ പറ്റിയിരിക്കുന്ന ഏത് ഇളകാത്ത കറയേയും ഇളക്കി പാത്രത്തിന് നല്ല തിളക്കം നൽകും.
സോപ്പ് പൊടിപാത്രത്തിലെ കരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി കരിഞ്ഞ പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് അൽപം സോപ്പ് പൊടി മിക്സ് ചെയ്യുക. ഇത് അടുപ്പിൽ വെച്ച് നല്ലതുപോലെ തിളപ്പിക്കുക. തിളക്കുമ്പോൾ തന്നെ നിങ്ങൾക്ക് അടിയിലെ കരി ഇളകി വരുന്നതായി കാണാവുന്നതാണ്. ഇത് നല്ലതുപോലെ ഇളകി വന്നതിന് ശേഷം ഒന്നു കൂടി നല്ലതുപോലെ സോപ്പ് പൊടി ഇട്ട് കഴുകി വൃത്തിയാക്കുക.
നാരങ്ങ നീര് ഉപയോഗിച്ചും നിങ്ങൾക്ക് കരിഞ്ഞ പാത്രം വെളുപ്പിക്കാം. നാരങ്ങ നീരിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് വെള്ളം ചേർക്കാതെ പാത്രം ഉരച്ച് കഴുകുക. കഴുകി എടുത്ത ശേഷം അൽപം ഒന്നു കൂടി നാരങ്ങ നീര് തേക്കുക. ഇത് കരിഞ്ഞ പാടുകളെ ഇല്ലാതാക്കുന്നതിനും പാത്രം നല്ലതുപോലെ വെട്ടിത്തിളങ്ങുന്നതിനും സഹായിക്കും.
ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. അൽപം വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെക്കണം. ഇതിലേക്ക് അൽപ സമയം കഴിഞ്ഞ് കുറച്ച് നാരങ്ങ നീര് മിക്സ് ചെയ്യണം. ഇത് നല്ലതു പോലെ കഴുകിക്കളഞ്ഞാൽ ഇത് നിങ്ങളുടെ പാത്രത്തിലെ കരി പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക