ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ടിയാഗോ, നെക്സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്.
കാറുകളുടെ വിലയിൽ 120,000 രൂപ വരെ കുറച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒരു ഇലക്ട്രിക് കാർ നിർമ്മാതാവ് തങ്ങളുടെ വാഹനങ്ങളുടെ വില കുറയ്ക്കുന്നത് ഇത് ആദ്യമാണ്.
നിലവിൽ ഇന്ത്യയിലെ കാർ വിൽപ്പനയുടെ 2% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്പന. പ്രവർത്തനച്ചെലവുകൾ കുറവാണങ്കിലും ഉയർന്ന മുൻകൂർ ചിലവുകൾ കാരണമാണ് ഇവികളുടെ വില്പന വർദ്ധിക്കാത്തത്. ഈ അവസരത്തിൽ കൂടുതൽ വാഹനപ്രേമികളെ ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് ക്ഷണിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്.
ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തില്‍ ആണ് വിലകുറയ്ക്കാൻ കാരണം. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ ഭൂരിഭാഗവും ബാറ്ററിയ്ക്ക് വരുന്ന ചെലവാണ്.
അടുത്തിടെ ബാറ്ററി സെല്ലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ടാറ്റ മോട്ടേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.
ബാറ്ററി സെല്ലിന്റെ വിലയില്‍ ഉണ്ടായ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ചീഫ് കോമേഴ്സിയല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു.
1.2 ലക്ഷം രൂപ വരെ കുറച്ചതോടെ നെക്സോണ്‍ ഇവിയുടെ വില ആരംഭിക്കുക 14.49 ലക്ഷം രൂപ മുതലാണ്. 70000 രൂപ വരെ കുറച്ചതോടെ ടിയാഗോയുടെ ബേസ് മോഡലിന്റെ വില 7.99 ലക്ഷം രൂപയായി താഴ്ന്നതായും ടാറ്റ മോട്ടേഴ്സ് അറിയിച്ചു.
പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമില്ല. ഭാവിയില്‍ ബാറ്ററി ചെലവ് കുറയും എന്ന് കണ്ടാണ് പഞ്ചിന്റെ വില നിശ്ചയിച്ചത്. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വ്യവസായ വളര്‍ച്ചയില്‍ ഇവിയുടെ സ്വാധീനം വര്‍ധിച്ച് വരികയാണെന്നും ടാറ്റ മോട്ടോഴ്സ് പറഞ്ഞു.
2023ല്‍ പാസഞ്ചര്‍ വാഹന വ്യവസായ മേഖലയില്‍ എട്ടു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവി വിഭാഗം 90 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതായും ടാറ്റ മോട്ടേഴ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക