സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്ഥലങ്ങളിലും 40 ഡിഗ്രിയിലധികം താപനിലയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. അതികഠിനമായി ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് വളരെ പ്രധാനമാണ്. ചൂട് സമയത്ത് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാനും ആരോഗ്യം സംരക്ഷിക്കാനും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഈ ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നിർജ്ജലീകരണമുണ്ടായാൽ അത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് കാരണം അമിതമായ ക്ഷീണമുണ്ടാകാനും കാരണമാകും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. സാധാരണയായി എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നാണ് കണക്ക് അതുപോലെ തന്നെ ചൂട് കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
കരിക്ക്, തേങ്ങാ വെള്ളം, നാരങ്ങ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ കുടിക്കാൻ ശ്രമിക്കുക.
പഴ വർഗങ്ങൾ കഴിക്കുന്നത് ശീലമാക്കുക
ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിൽ ഫല വർഗങ്ങൾ ഉൾപ്പെടുത്തി കഴിക്കുന്നതും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങി ജലാംശം ധാരാളം അടങ്ങിയിട്ടുള്ള ഫലവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലലീകരണം ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.
മദ്യപാനം ഒഴിവാക്കുക
ശരീരത്തെ ജലാംശം എളുപ്പത്തിൽ വലിച്ചെടുക്കാൻ മദ്യപാനം കാരണമാകുന്നു. അതിനാൽ തന്നെ വേനൽക്കാലത്തെ മദ്യപാന ശീലം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരം പെട്ടന്ന് വരണ്ടതാക്കാൻ കാരണമാകുന്നു.
പുറത്തേക്ക് ഇറങ്ങുമ്പോൾ ഈ വസ്ത്രങ്ങൾ ധരിക്കുക
ചൂട് കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളും വളരെ പ്രധാനമാണ്. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എപ്പോഴും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധരിക്കുന്ന വസ്ത്രമനുസരിച്ചാണ് വേനൽക്കാലത്ത് ശരീരത്തിന് ചൂട് അനുഭവപ്പെടുന്നതെന്ന് മനസിലാക്കുക. ധരിക്കാൻ തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങൾ പരുത്തി അല്ലെങ്കിൽ ലിനൻ പോലെ ഭാരം കുറഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമാണെന്ന് ഉറപ്പാക്കുക. ചൂട് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുണ്ട നിറങ്ങൾ ഉപയോഗിക്കരുത്. കൂടാതെ, അയഞ്ഞ വസ്ത്രങ്ങൾ വായുപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങളെ തണുപ്പിക്കാൻ കഴിയും.
സൂര്യപ്രകാശം ഏൽക്കാതിരിക്കുക
പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രമിക്കുക. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് സൂര്യാഘാതമുണ്ടാകാൻ കാരണമായേക്കും. വെയിലത്ത് പോകുന്ന സാഹചര്യമുണ്ടാകുമ്പോൾ തണലത്ത് നിൽക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ വെയിൽ ഏൽക്കാതിരിക്കാനുള്ള എന്തെങ്കിലും പ്രതിവിധികൾ സ്വീകരിക്കുകയോ ചെയ്യുക.
കുളിക്കുക
തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളുടെ ശരീര താപനില കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കും. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ ഒരു പരിധി വരെ ഈ കാര്യങ്ങൾ സഹായിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക