തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. ഈയടുത്ത് മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളായ ‘പ്രേമലു’, ‘ഭ്രമയുഗം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ ഈ സൈറ്റിൽ എത്തിയിട്ടുണ്ട്.
ഇപ്പോൾ ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തിൽ 3.9 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിൽ നിന്ന് മാത്രം 3.35 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആറു കോടിയ്ക്ക് മുകളിലാണ് വേൾഡ് വൈഡ് കളക്ഷൻ ‘മഞ്ഞുമ്മൽ ബോയ്സ്’ കരസ്ഥാമാക്കിയത്.
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക