ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ.പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ ധാതുക്കൾ ഇവയെല്ലാം കീൻവയിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആണിത്.
സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. ഇത് ഒരു സീഡ് ആണ്. വേവിക്കുമ്പോൾ മൃദുവും ഫ്ലഫിയും ആകുന്ന കീൻവയ്ക്ക് നട്സിന്റെയൊക്കെ ഒരു രുചിയാണ്. ഇത് പൊടിയാക്കാം, കീൻവ ഫ്ലേക്സ് ആക്കാം. കൂടാതെ പാസ്ത, ബ്രെഡ് ഇതൊക്കെ കീൻവ കൊണ്ടുണ്ടാക്കാം.
1,800 ൽ അധികം തരമുണ്ട് കീൻവ. കീൻവ സീഡ് കറുപ്പ്, ചുവപ്പ്, വെള്ള, പർപ്പിൾ, പിങ്ക്, മഞ്ഞ, ചാരം, ഓറഞ്ച്, പച്ച ഈ നിറങ്ങളിലെല്ലാം ഉണ്ട്. വെള്ള നിറമുള്ളതിനാണ് രുചി കൂടുതൽ. കൂടുതൽ പോഷകങ്ങൾ അടങ്ങിയത് ചുവപ്പ് കീൻവയിലാണ്.
പ്രോട്ടീൻ, ഫൈബർ, അയൺ, കോപ്പർ, തയാമിൻ, വൈറ്റമിൻ ബി 6 എന്നിവയുടെ കലവറയാണ് കീൻവ. മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് ഫോളേറ്റ് എന്നിവയും കീൻവയിൽ ധാരാളമുണ്ട്.
കീൻവ വെജിറ്റേറിയൻ ഭക്ഷണവും വീഗൻ ഭക്ഷണവും ശീലമാക്കിയവരുടെ പ്രിയപ്പെട്ട ഭക്ഷണമാകുന്നതും അതു കൊണ്ടു തന്നെ. വിശപ്പു കുറയ്ക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കീൻവ സഹായിക്കും.
കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കീൻവ സഹായിക്കും. ഒരു മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയ ഒലേയിക് ആസിഡ്, ആൽഫാ ലിനോ ലെനിക് ആസിഡ് ഇവ കീൻവയിൽ ധാരാളമുണ്ട്.
മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഫൈബർ കീൻവയിലുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദ്രോഗം തടയാനും പക്ഷാഘാതം ഉയർന്ന രക്തസമ്മർദം ഇവ തടയാനും നാരുകൾ സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും കീൻവ സഹായിക്കും.
ഗ്ലൂട്ടൻ ഒട്ടും അടങ്ങിയിട്ടില്ലാത്തതിനാൽ ഡയറ്റ് പിന്തുടരുന്നവർക്ക് കീൻവ ഒരു മികച്ച ഭക്ഷണമാണ്. കീൻവയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് അയൺ പ്രധാനമാണ്. ഇത് പേശികളിലേക്കും തലച്ചോറിലേക്കും ഓക്സിജൻ സപ്ലൈ ചെയ്യുന്നു.
കീൻവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകലിനെയും നിരവധി രോഗങ്ങളെയും തടയുന്നു.
ക്യുവർസെറ്റിൻ, കെയിംഫെറോൾ എന്നീ രണ്ടു സസ്യസംയുക്തങ്ങൾ കീൻവയിലുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം, സ്കിൻ കാൻസർ, ലിവർ കാൻസർ തുടങ്ങി നിരവധി കാൻസറുകളിൽ നിന്നും സംരക്ഷണമേകുന്നു.
കീൻവയിൽ ഫോളേറ്റ് ധാരാളം ഉണ്ട്. ഡിഎൻ എ യുടെ രൂപീകരണത്തിന് സഹായിക്കുന്ന ഒരു പ്രധാന ബി വൈറ്റമിൻ ആണ് ഫോളേറ്റ്. ഗർഭകാലത്ത് ഫോളേറ്റ് ആവശ്യത്തിനു ലഭിക്കുന്നത് ഗർഭസ്ഥശിശുവിന് ന്യൂറൽട്യൂബ് ഡിഫക്ടുകൾ ഒന്നും ഉണ്ടാകാതെ തടയും.
കീൻവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കീൻവ സീഡ് സാപ്പൊനിയൻസ് കൊണ്ട് മൂടിയിരിക്കും. ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായവയിൽ നിന്നു ചെടികളെ സംരക്ഷിക്കാൻ ഡിസൈൻ ചെയ്തിരിക്കുന്ന രാസവസ്തുക്കളാണ് സാപ്പൊനിയൻസ്. ഇതിന് കയ്പ്പും സോപ്പു രുചിയും ഉണ്ട്. വേവിക്കും മുൻപ് കീൻവ തണുത്ത വെള്ളത്തിൽ നന്നായി കഴുകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക