വായനാശീലം കുട്ടികളിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വായനാശീലമുള്ള കുട്ടികൾക്ക് പത്താം ക്ലാസിലും പ്ലസ്ടുവിലും ഗ്രേസ് മാർക്ക് നൽകാൻ ആലോചന. പൊതുവിദ്യാഭ്യാസ വകുപ്പാണ് വായനാശീലം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്രവായനക്ക് മാർക്ക് നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മാർച്ച് 12ന് സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ പത്രാധിപൻമാരുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ചേരും. വിദ്യാർഥികളിലേക്ക് പൊതു അറിവുകൾ എത്തുന്നത് കുറയുകയും വായനയുടെയും അറിവ് സംവാദനത്തിന്റെയും മാർഗങ്ങൾ മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് പത്രവായനയ്ക്ക് മുൻതൂക്കം നൽകാനുള്ള ആലോചന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
ദിനേനയുള്ള പത്രവായനയും മറ്റ് പുസ്തകങ്ങളുടെ വായനയ്ക്കുമായി പത്താം ക്ലാസിലും പ്ലസ്ടുവിലും കുട്ടിക്ക് ഗ്രേസ് മാർക്ക് നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ പത്രവായനയിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രത്യേകമാർക്ക് നൽകുന്ന കാര്യവും പരിഗണനയിലാണ്.
വായന ശീലം ഉള്ള കുട്ടികൾക്ക് ഇത്തരത്തിൽ മാർക്ക് നൽകുന്നതുവഴി മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പൊതുവിജ്ഞാനത്തിന്റെ നിലവാരം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുകയാണ് ഗ്രേസ്മാർക്ക് നൽകുന്നതിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് എന്നും ഇതിലൂടെ വിദ്യാർഥികളിൽ ലോകാരോഗ്യങ്ങളിലെ അറിവ് സ്വാഭാവികമായി വളർത്തിയെടുക്കാനും സാധിക്കും എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക