ചെന്നൈ: സിനിമയുടെ വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങി വിജയം കൊയ്ത മുന്‍ഗാമികളുടെ വഴിയിലാണ് ഇപ്പോള്‍ ദളപതി വിജയ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റവും ഒടുവിൽ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം അതിന്റെ മെമ്പര്‍ഷിപ്പ് വിതരണത്തിനായി മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ്.
പാര്‍ട്ടിയില്‍ അണികളെ ചേര്‍ക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച തമിഴക വെട്രി കഴകം ആപ്പ് അവതരിപ്പിച്ചത്. വിജയ് തന്നെയാണ് ആപ്പ് വഴി ആദ്യ മെമ്പര്‍ഷിപ്പ് നേടിയത്. ഇതിന്റെ വീഡിയോ ടിവികെ പുറത്തിറക്കി. എല്ലാവരോടും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍ അംഗമാകുവാന്‍ വിജയ് ആഹ്വാനം ചെയ്യുന്നുണ്ട് വീഡിയോയില്‍.
തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം പദ്ധതിയിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ആപ്പ് പുറത്തിറക്കി മണിക്കൂറുകള്‍ പിന്നിടുമ്പോൾ ആപ്പ് നിശ്ചലമായി എന്നാണ് വിവരം. ഏകദേശം രണ്ട് ലക്ഷത്തോളം ഒടിപി അപേക്ഷകള്‍ വന്നതോടെയാണ് ആപ്പിന്റെ സെര്‍വര്‍ ക്രാഷായി ആപ്പ് പ്രവര്‍ത്തിക്കാതായത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക