ഇന്ന് ഹോളി ആഘോഷിക്കുകയാണ് രാജ്യം. നിറങ്ങളുടെ ഉത്സവമെന്നും വസന്തത്തിന്റെ ഉത്സവമെന്നുമാണ് ഹോളിയെ കുറിച്ച് പറയപ്പെടുന്നത്. നേരത്തെ നല്ല വിളവ് ലഭിക്കാൻ വേണ്ടി കർഷകർ ആഘോഷിച്ചിരുന്ന ഹോളി എന്ന ചെറിയ പിന്നീട് ഹിന്ദുക്കളുടെ ഉത്സവമായി മാറുകയായിരുന്നു. എന്നാൽ, ഇന്ന് നാനാജാതിമതസ്ഥർ ഹോളി ആഘോഷിക്കാറുണ്ട്. വിവിധ നിറങ്ങൾ പരസ്പരം വാരിപൂശുമ്പോൾ ശത്രുത ഇല്ലാതാകുമെന്നും സൗഹൃദം ആഘോഷിക്കപ്പെടുമെന്നുമാണ് വിശ്വാസം.
ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പ്രഹ്ലാദന്റെ കഥയാണ് അതിൽ മിക്ക ആളുകളും വിശ്വസിക്കുന്നത്. തിന്മയുടെ പുറത്ത് നന്മ നേടിയ വിജയമാണ് ഹോളി എന്നും പറയുന്നു. പല നാടുകളിലും പലതരത്തിലാണ് ഹോളി ആഘോഷിക്കാറു. പണ്ട് ഉത്തരേന്ത്യക്കാരാണ് സജീവമായി ഹോളി ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ഏതെങ്കിലും തരത്തിൽ ഹോളി ആഘോഷിക്കപ്പെടാറുണ്ട്.
എന്നിരുന്നാലും നിറങ്ങളില്ലാതെ എന്ത് ഹോളി? ചുവപ്പ്, മഞ്ഞ, നീല, പച്ച, പർപ്പിൾ, പിങ്ക് എന്നീ കളറുകളാണ് ഹോളി ആഘോഷങ്ങളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞുകൊണ്ട് ആളുകൾ ഹോളി ആഘോഷിക്കുന്നു. ശത്രുവിനെ പോലും മിത്രമാക്കുന്ന ആഘോഷം എന്ന് ഹോളിയെ വിശേഷിപ്പിക്കാറുണ്ട്.
ഹോളി ആഘോഷങ്ങളിൽ നിറങ്ങൾക്ക് അതിന്റെതായ പ്രത്യേകതകൾ ഉണ്ടെന്നാണ് പറയുന്നത്. സന്തോഷത്തെയാണ് മഞ്ഞനിറം സൂചിപ്പിക്കുന്നത്. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നതിനെയാണ് പച്ചനിറം കൊണ്ട് ഉദ്ദേശിക്കുന്നത്. പിങ്ക് നിറം പ്രണയത്തെയും സൗഹൃദത്തേയും സൂചിപ്പിക്കുന്നു. ചുവപ്പ് സ്നേഹവും സമ്പുഷ്ടതയും പ്രതിനിധീകരിക്കുന്ന നിറമായും അറിയപ്പെടുന്നു. അതേസമയം നീല വിഷ്ണുവിനെയും ചുവപ്പ് ശിവനെയും മഞ്ഞ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക