ഇത്തവണയും പ്രിയപ്പെട്ടവർക്ക് അരികിലെത്താൻ സാധിക്കാത്തവർക്ക് ‘വിഷുക്കൈനീട്ടം’ തപാൽ വഴി അയക്കാൻ അവസരം ഒരുക്കി തപാൽ വകുപ്പ്. തപാൽ വഴി ‘വിഷുക്കൈനീട്ടം’ അയക്കുന്നതിന് ഈ മാസം 9 വരെ ബുക്ക് ചെയ്യാൻ സാധിക്കും. ഈ മാസം 9 വരെ ബുക്ക് ചെയ്യുന്നവർ അയക്കുന്ന ‘വിഷുക്കൈനീട്ടം’ വിഷുപുലരിയിൽ ലഭ്യമാകും.
‘വിഷുക്കൈനീട്ടം’ ബുക്ക് ചെയ്ത് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും അയക്കാൻ സാധിക്കുമെങ്കിലും ഇത് കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. തപാൽ വകുപ്പിന്റെ ‘കൈനീട്ടം’ പദ്ധതിയിലൂടെ ഏറ്റവും കുറഞ്ഞത് 101 രൂപയാണ് കൈനീട്ടമായി അയക്കാൻ സാധിക്കുക. ഇതിനായി 19 രൂപയാണ് തപാൽ വകുപ്പ് ഫീസായി ഈടാക്കുക.
101 രൂപ കൈനീട്ടമായി അയയ്ക്കുന്നതിന് 19 രൂപ തപാൽ ഫീസടക്കം 120 രൂപ ഈടാക്കുമ്പോൾ 201 രൂപ കൈനീട്ടമായി അയക്കുന്നതിന് 29 രൂപയും 501 രൂപ അയക്കുന്നതിന് 39 രൂപയും 1001രൂപ അയയ്ക്കുന്നതിന് 49 രൂപയുമാണ് തപാൽ ഫീസായി ഈടാക്കുക. പോസ്റ്റ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാഫോമിലൂടെ ഇന്റർനെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും ‘വിഷുക്കൈനീട്ടം’ അയക്കാൻ സാധിക്കും.
2022 ലാണ് തപാൽ വകുപ്പ് ‘കൈനീട്ടം’ സംരംഭം ആരംഭിച്ചത്. സംരംഭം ആരംഭിച്ച 2022 ൽ കേരള സർക്കിളിൽ 13,000 ത്തോളം ബുക്കിംഗ് ലഭിച്ച ‘കൈനീട്ടം’ പദ്ധതി 2023ലെ വിഷുക്കാലത്ത് 20,000 ലേക്ക് കുതിച്ചുയർന്നു. 25,000 ത്തിലധികം ബുക്കിംഗ് ആണ് ഈ വർഷം തപാൽ വകുപ്പ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക