പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന മാംഗോസ്റ്റീൻ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പൊതുവേ കലോറി കുറഞ്ഞ മാംഗോസ്റ്റീൻ പോഷകങ്ങൾ ഏറെയുള്ള പഴമാണ്. ഒരു കപ്പിൽ (196ഗ്രാം) ഏതാണ്ട് 143 കലോറി മാത്രമേയുള്ളൂ. കാർബോഹൈഡ്രേറ്റ്, നാരുകൾ, ജീവകം സി, ബി 9, ബി 1, ബി 2, എന്നിവയും മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നീ ധാതുക്കളും ഉണ്ട്.
കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള മാംഗോസ്റ്റിനിൽ ജീവകം സി, ഫോളേറ്റ്, സാന്തോൺസ് എന്ന സസ്യസംയുക്തങ്ങൾ എന്നിവയുണ്ട്. ഇവയാണ് ആന്റി ഇൻഫ്ലമേറ്ററി ആന്റി ഏജിങ്, ആന്റി ഡയബറ്റിക് ഗുണങ്ങൾ ഏകുന്നത്.
ഇൻഫ്ലമേഷന് കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഉള്ള കഴിവ് മാംഗോസ്റ്റീനുണ്ട്. മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റീനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മാംഗോസ്റ്റീനിലെ സാന്തോണുകളും, നാരുകളുമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.
അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീൻ സത്തിനുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളെ തടയാനും മാംഗോസ്റ്റീനു കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക