ആരാധകരെ ആവേശത്തിലാഴ്ത്തി അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് ടീസര്‍ നല്കുന്ന സൂചന. പുഷ്പരാജ് എന്ന രക്തചന്ദന വേട്ടക്കാരന്റെ റോളില്‍ അല്ലു അര്ജുന് എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്.
ജാത്ര ആഘോഷത്തിനിടെ ദേവി വേഷം കെട്ടി എതിരാളികളെ നിലംപരിശാക്കുന്ന അല്ലു അര്‍ജുനെയാണ് ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദിന്റെ പശ്ചാത്തല സംഗീതവും താരത്തിന്റെ സ്വാഗും ഒത്തുചേര്‍ന്നതോടെ തെന്നിന്ത്യന്‍ ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്ന ഒന്നൊന്നര ഐറ്റമായിരിക്കും വരാനിരിക്കുന്നതെന്ന് ഉറപ്പായി കഴിഞ്ഞു.
പശ്ചാത്തലസംഗീതവും വര്‍ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്റെ സ്വാഗും ചേര്‍ന്ന് ഗംഭീരമായൊരു ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസര്‍. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന് ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്ജുന്, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള് സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക