സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലേക്കുള്ള തുടർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദനെ പരിഹസിച്ചാണ് സുരേന്ദ്രൻ രംഗത്ത് എത്തിയത്.
മോദിയുടെ കേരളത്തിലേക്കുള്ള വരവിൽ വേവലാതിയുള്ളവർക്ക് സീതാറാം യെച്ചൂരിയെ കൊണ്ടുവരാം എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിജിക്ക് എല്ലായിടത്തും വന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് പറഞ്ഞ സുരേന്ദ്രൻ സീതാറാം യെച്ചൂരിയും വന്നോട്ടെ എന്നും ആരു പറഞ്ഞാലാണ് ജനം കേൾക്കുന്നത് എന്ന് നോക്കാം എന്നും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 15നാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിൽ എത്തുന്നത്. സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജൻസികൾ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നിലപാട് കടിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം എന്നതും പ്രധാനമാണ്.
ഏപ്രിൽ 26നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർത്ഥിനിർണയവും നാമനിർദ്ദേശപത്രിക സമർപ്പണവും എല്ലാം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക