രാത്രി ഭക്ഷണം എങ്ങനെ കഴിക്കണമെന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എത്ര കഴിക്കണം? അമിതമായ അത്താഴം കഴിച്ചാൽ തടി കൂട്ടുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.
പകൽ ഒരു പ്രവൃത്തിയും ചെയ്യാതെ അലസമായിരുന്നാലും ശരീരം ഉണർന്നിരിക്കുന്നതിനാൽ ഭക്ഷണം ശരിയായി ദഹിക്കും. ഭക്ഷണം നമുക്ക് ഊർജം നൽകുകയും ചെയ്യും. എന്നാൽ രാത്രി ശരീരം ഉറക്കമായിരിക്കുന്നതിനാൽ ദഹനം ശരിയായി നടക്കുന്നില്ല. ഈ സമയത്ത് വളരെയധികം കലോറിയുള്ള ഭക്ഷണം, ഉദാഹരണത്തിന് ബിരിയാണിയോ മറ്റോ കഴിക്കുകയാണെങ്കിൽ ശരീരത്തിന്റെ വിശ്രമം അവതാളത്തിലാകും.
വിദഗ്ധർ പറയുന്നത്, ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്നാണ്. എട്ട് മണിയോടെയെങ്കിലും കഴിച്ചാലേ നല്ല രീതിയിലുള്ള ദഹനം സാധ്യമാകൂ. അപ്പോൾ ഉറങ്ങുന്ന സമയത്ത് ശരീരത്തിന് കൃത്യം വിശ്രമവും ലഭിക്കും.
കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പഞ്ചസാര, എന്നീ പോഷകങ്ങൾ കുറവുള്ള ഭക്ഷണമാണ് അത്താഴത്തിന് ഉത്തമം. സൂപ്പ്, ചപ്പാത്തി, പഴങ്ങൾ, പച്ചക്കറികൾ, വെള്ളം തുടങ്ങിയവ നന്നായി ഉപയോഗിക്കാം. ചോറ് ഒഴിവാക്കുന്നതാണ് നല്ലത്.
വൈകിട്ട് കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിന് നന്ന്. അതായത് വൈകിട്ട് എട്ടുമണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക് ഉറങ്ങാൻ തയാറെടുക്കാം. എട്ടുമണിക്ക് കഴിക്കുന്ന ആഹാരം 2 – 21/2 മണിക്കൂർ കൊണ്ട് ദഹിച്ചുകഴിയും.
മറിച്ച് രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്ക് നടക്കുകയുമില്ല. മാത്രമല്ല സന്ധ്യ സമയത്തിനുശേഷം നമ്മുടെ ദഹനപ്രക്രിയ കുറയുന്നുയെന്നതും നാം മനസ്സിലാക്കിയിരിക്കണം.
നാം ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങൾ റിപ്പയർ ചെയ്യുന്നതും അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകൾ നടത്തുന്നതും. ഭക്ഷണം നേരത്തെ കഴിച്ചാൽ ശരീരത്തിന് റിപ്പയർ ജോലിക്ക് ആവശ്യമായ സമയം ലഭിക്കും ശരീരത്തിൽ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക