നടൻ സയാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ സത്താറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നടൻ സുഖം പ്രാപിച്ചതായി അടുത്തവൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് താരം കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സത്താറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ അദ്ദേഹത്തിന്റെ ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ആരോഗ്യനില വീണ്ടെടുത്ത സായാജി ഷിൻഡേ തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. സുഖം പ്രാപിച്ച് വരികയാണെന്നും ഉടൻ സിനിമയിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ താരത്തിന് വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടർമാർ അറിയിച്ചു.
മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ഇതിനോടകം ഒരുപിടി ചിത്രങ്ങൾ ചെയ്ത താരമാണ് സായാജി ഷിൻഡേ. കൂടുതലും വില്ലൻ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ബോളിവുഡിലും താരം സജീവമാണ്. മലയാളത്തിൽ ദിലീപ് നായകനായ നാടോടി മന്നൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക