നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉൾപ്പെടുന്ന ഒരു ഫലമാണ് ബനാന അഥവാ വാഴപ്പഴം. വിവിധ രുചിയിലുള്ള വ്യത്യസ്ത തരം വാഴപ്പഴങ്ങൾ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടാറുണ്ട്. പാളയങ്കോടൻ, ഏത്തപ്പഴം, റോബസ്റ്റ, ഞാലിപ്പൂവൻ, കദളി, ചെങ്കദളി എന്നിങ്ങനെ നീളുന്നു വാഴപ്പഴത്തിന്റെ പട്ടിക. ഇവയെല്ലാം ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് തന്നെയാണ്. എന്നാല്‍ വാഴപ്പഴങ്ങളിൽ ചെങ്കദളിപ്പഴം കേമനാണ്. ഇത് കപ്പ പഴം എന്നും അറിയപ്പെടുന്നു.
വിറ്റാമിന്‍ സി, ബി6, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒന്നാണ് ചെങ്കദളിപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചെങ്കദളിപ്പഴം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി ധാരാളം ഉൾപ്പെടുന്ന ഇവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചെങ്കദളിപ്പഴം നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ചെങ്കദളിപ്പഴം കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ച് നിർത്താനും സഹായിക്കും. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാൻ ചെങ്കദളിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ചെങ്കദളിപ്പഴം കഴിക്കുന്നത് വിശപ്പ് നിയ്രന്തിച്ച് നിർത്താനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ഇവയുടെ കലോറിയും വളരെ കുറവാണ്. പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യതയെ കുറയ്ക്കാനും ഇവ നല്ലതാണ്. വിറ്റാമിൻ ബി 6 ധാരാളമായി ചെങ്കദളിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റാൻ സഹായകമാണ്. സെറോടോണിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക