എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് മക്രോണി മസാല. എളുപ്പത്തിൽ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. പറഞ്ഞറിയിക്കാനാവാത്ത രുചിയാണ് ഈ വിഭവത്തിന്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് കുറച്ച് ചൂട് വെള്ളം തിളപ്പിക്കുകയാണ്. വെള്ളത്തിലേക്ക് പാകത്തിന് ഉപ്പും ഒരല്പം എണ്ണയും കൂടി ഒഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളയ്ക്കുമ്പോൾ മക്രോണി കൂടി ചേർത്തു കൊടുക്കാം.മക്രോണി ചേർത്തുകൊടുത്ത ഉടനെ നമ്മൾ ഇതൊന്ന് ഇളക്കി കൊടുക്കണം. ഇനി ഇത് വേവുന്നതുവരെ കാത്തിരിക്കാം. അതിനു ശേഷം ഇതിലെ വെള്ളം കളഞ്ഞ് വയ്ക്കുക.
ഇനി ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. ഇതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. ഏത് എണ്ണ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. ചൂടായ എണ്ണയിലേക്ക് കുറച്ച് പെരുംജീരകം ചേർത്ത് പൊട്ടിക്കുക. പെരുംജീരകം പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് പൊടിയായി അരിഞ്ഞ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞ സവാള കൂടി ചേർത്തു കൊടുത്ത് നന്നായി വഴറ്റുക. സവാള നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി കൂടി ചേർത്തു കൊടുക്കാം. തക്കാളി നല്ലപോലെ കുഴഞ്ഞു വരണം.
പിന്നീട് ഇതിലേക്ക് പൊടികൾ ചേർക്കാം. എരുവിന് ആവശ്യമായ മുളകുപൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, ഒരല്പം ഗരം മസാല, കുറച്ചു മാത്രം ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് കൂടി ചേർക്കാൻ മറക്കല്ലേ. പിന്നീട് കുറച്ച് വെള്ളം കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കണം. കൂടുതലായി പോകാതിരിക്കാനും നോക്കണം.വെള്ളം നല്ലതുപോലെ തിളച്ചതിനു ശേഷം ഇതിലേക്ക് നമ്മൾ വേവിച്ചുവെച്ച മക്രോണി കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
നല്ല ടേസ്റ്റി ആയ മക്രോണി മസാല റെഡിയായി. നല്ല ചൂട് ചോറിനോടൊപ്പവും ചപ്പാത്തിയോടൊപ്പവും നല്ലൊരു കോമ്പിനേഷൻ ആണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക