എറാണാംകുളം: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വടുതല സ്വദേശി മനോജ് ആണ് വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഇന്നലെ രാത്രി വളഞ്ഞമ്പലത്താണ് അപകടമുണ്ടായത്.
അതേസമയം, മോദി കേരളം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. ഇന്ന് രാവിലെ 9 മുതൽ രാവിലെ 11 മണി വരെയുമാണ് ഗതാഗതം നിയന്ത്രിക്കുക. എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.
ഇന്നലെ രാത്രിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തി.
രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി എത്തും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക