ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് റോയൽസിന്റെ വമ്പൻ ജയത്തിന് നായകന് സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച്.സഞ്ജുവിന് ഈഗോ ഇല്ലെന്നും ടീമിനായി പക്വതയാര്‍ന്ന പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തതെന്നും ഫിഞ്ച് പറഞ്ഞു.
‘സഞ്ജു വളരെ പക്വതയോടെയയുള്ള പ്രകടനമാണ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. ടീമിന് വേണ്ടതും അത് തന്നെയാണ്. ടി20 ക്രിക്കറ്റില്‍ ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്റെ ലക്ഷ്യത്തിന് തടസമാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു ഇപ്പോള്‍ കളിക്കുന്നതെന്നും ആരോണ്‍ ഫിഞ്ച് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു’.
മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻസിങും മലയാളി താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രോഹിത് ശർമക്ക് ശേഷം ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് ഭാജി പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർഭജൻ പറഞ്ഞു.
സീസണില്‍ എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും 14 പോയന്റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് രാജസ്ഥാന് റോയല്‍സ് ഇപ്പോള്‍. എട്ട് മത്സരങ്ങളില്‍ 314 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ട്. 62.80 ശരാശരിയും 152.42 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിലും മുന്‍നിരയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക