വോട്ടെടുപ്പ് ദിനത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ പാലക്കാട് ജില്ലയിൽ ജില്ലാ മെഡിക്കല്‍ ഓഫീസ് പൂർണ സജ്ജമായി. ജില്ലയിൽ എല്ലായിടത്തും സേവനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലാ കൂടിയാണ് പാലക്കാട്.
മിക്ക ദിവസങ്ങളിലും താപനില 40 ന് മുകളിലാണിവിടെ. അതിനാൽ തന്നെ വോട്ടർമാർ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വോട്ടെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വൈദ്യസഹായം ലഭ്യമാകും. ഏപ്രില്‍ 25 ന് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും 26 ന് പ്രസ്തുത സാമഗ്രികളുടെ സ്വീകരണ കേന്ദ്രങ്ങളിലും അടിയന്തര വൈദ്യ സഹായത്തിനായി ഒരോ നേഴ്സും നേഴ്സിങ് അസിസ്റ്റന്റും ഉള്‍പ്പെടുന്ന പാരാമെഡിക്കല്‍ സംഘത്തിന്റെ സേവനവും അവശ്യ മരുന്നുകളുടെ മെഡിക്കല്‍ കിറ്റും ഉണ്ടായിരിക്കും.
അടിയന്തര ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഓരോ പോളിങ് ബൂത്തിന്റെയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിന്റെയും റഫറല്‍ ആശുപത്രികളുടെയും വിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ കൈമാറിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ പോളിങ് ബൂത്തുകള്‍ തോറും ആംബുലന്‍സ് സൗകര്യവും ലഭ്യമാകും.
ജില്ലയില്‍ താപനില കൂടി വരുന്ന സാഹചര്യത്തില്‍ ചൂട് കാലത്ത് ഉണ്ടാകുന്ന രോഗങ്ങളെകുറിച്ചും അവയെ പ്രതിരോധിക്കേണ്ടതിനെ കുറിച്ചുമുള്ള വീഡിയോകളും പോസ്റ്ററുകളും ഏപ്രില്‍ 22 മുതല്‍ 26 വരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പ്രാദേശിക ചാനലുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും കൈമാറുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക