പ്രഖ്യാപന സമയം തുടങ്ങി ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് രണ്ടുഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുക. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം സെപ്തംബറില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
മലയാളത്തില്‍ നിന്ന് എസ് ജെ സൂര്യയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. ചിയാൻ മധ്യവയസ്കനായാണ് ചിത്രത്തിൽ എത്തുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും ചിത്രത്തിനായി സിനിമാട്ടോഗ്രഫി. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും സിനിമാട്ടോഗ്രഫി ചെയ്തത് തേനി ഈശ്വറായിരുന്നു.
ദുഷാര വിജയന് ചിത്രത്തിൽ നിര്‍ണായക കഥാപാത്രമായാണ് വരിക. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക