തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40°C വരെയും കോഴിക്കോട് ജില്ലയില്‍ 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കനത്ത ഉഷ്ണ തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് 2 വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നിർദേശം.
അഡീഷണൽ ക്ലാസുകൾ നടത്തരുത്. കോളേജുകളിലും ക്ലാസുകൾ ഉണ്ടാകാൻ പാടില്ല. അവധിക്കാല സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം. നിർദേശം പ്രകാരം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു.
അതേസമയം, സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ വരുന്ന 5 ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലുടനീളം നാളെ മഴ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക