തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശമനമില്ലാതെ തുടരുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.
പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സാധാരണയേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗ സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ തുടരും.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.
ജാഗ്രത നിർദേശങ്ങൾ
- പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
- ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.
- ധാരാളമായി വെള്ളം കുടിക്കുക.
- അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
- കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
- നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
- വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
- കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.
- എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക