ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് സൂചന. മേയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.
മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാൽ ഉടൻ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ഉത്തർപ്രദേശ് പിസിസി അടക്കം ആവശ്യപ്പെടുന്നത്.
2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. രാജ്യസഭയിലേക്ക് സോണിയ തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ പരാജയപ്പെട്ടിരുന്നു. 55000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ചത്. ഇത്തവണ സ്മൃതിയെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ മത്സരിക്കുന്ന മറ്റൊരു ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ വോട്ടെടുപ്പ് കഴിഞ്ഞു.
അതേസമയം, റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തെ അറിയിച്ചു. ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ബറേലിയിൽ മത്സരിക്കാനില്ലെന്നാണ് വരുൺ ഗാന്ധി ബിജെപി നേതൃത്വത്തിന് നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക