തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലാ മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40°C വരെയും കോഴിക്കോട് ജില്ലയില്‍ 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മറ്റു ജില്ലകളിലും ചൂട് കൂടിയേക്കും. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ പ്രത്യേക പരിശോധനയും നടക്കും.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെയും വടക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക