തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നൽകിയത് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസം വരാതെ ഇരിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് എസ്എസ്എൽസിക്ക് മികച്ച വിജയമാണ് ഉണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാർജിനൽ വർദ്ധനവും ഇതിന് മുൻപ് തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം വരാറുണ്ട്. അതിനാൽ പഠന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ താൽക്കാലിക നിയമനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ നടത്തേണ്ടതുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ,എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് ഇതിനോടകം നടത്തിയിട്ടുള്ളത്. ഇത് സമീപകാല കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്.
അതേസമയം, സംസ്ഥാനത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിട്ടുള്ളത് .
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ താമസിക്കുന്നത് കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക