മണിരത്നം – കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫിൽ’ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം കൂടി സിനിമയുടെ ഭാഗമാകുന്നു. സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചുപായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കൈയിൽ തോക്കുമായി തീപ്പൊരി ലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോട് കൂടിയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽഹാസനെ നായകനാക്കി മണിരത്നം ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നായകൻ ആയിരുന്നു ഇരുവരും ഒരുമിച്ച അവസാന സിനിമ.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്. മലയാളികളായ ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഇവരെ കൂടാതെ ഗൗതം കാർത്തിക്, നാസർ, വൈയ്യാപുരി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്. ചിത്ര സംയോജനം നിർവ്വഹിക്കുന്നത് ശ്രീകർ പ്രസാദും. ഇരുവരും മണിരത്നം സിനിമകളിലെ സ്ഥിരം പങ്കാളികളാണ്. രവി കെ ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ ഇദ്ദേഹം തന്നെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക