ധാരാളം ഔഷധഗുണങ്ങളടങ്ങിയ ഒന്നാണ് തഴുതാമ. വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ ചെടികളാണ് സാധാരണ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ കണ്ടു വരുന്നത്. രണ്ട് തരം തഴുതാമകളുണ്ടെങ്കിലും ഔഷധഗുണത്തിന്റെ കാര്യത്തിൽ രണ്ടും ഒരു പോലെ തന്നെയാണ്. ഇല വരെയുള്ള തഴുതാമയുടെ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
തഴുതാമയുടെ ഇല കറിയായോ തോരനായോ കഴിക്കുന്നത് കരളിനെ സംരക്ഷിക്കാനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആമവാദമുള്ളവർ കഴിക്കേണ്ട ഒരു ഇലവർഗമാണ് തഴുതാമ. ഇതിൽ ധാരാളം വിറ്റാമിനുകളടങ്ങിയിട്ടുള്ളതിനാൽ തന്നെ ചർമ്മരോഗങ്ങളും ഹൃദ്രോഗങ്ങളും അകറ്റി ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ശരീരത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉദര സംബന്ധമായ രോഗങ്ങൾ ചെറുത്തു നിർത്താനും തഴുതാമ സഹായിക്കുന്നു. പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഉന്മേഷം വർദ്ധിപ്പിക്കാനും തടി കുറക്കാനും തഴുതാമ കഴിക്കുന്നത് ശീലമാക്കാം..
അമിതമായി മദ്യം കഴിച്ചുണ്ടാകുന്ന ക്ഷീണം, തലകറക്കം തുടങ്ങിയവയ്ക്ക് തഴുതാമ ഗുണകരമാണ്. തഴുതാമ കഷായമായി അതേ അളവിൽ ശുദ്ധമായ പശുവിൻ പാലു ചേർത്ത് കാച്ചി നേർ പകുതിയാക്കി രാവിലെയും വൈകുന്നേരവും ഇരുപത്തിയഞ്ച് മില്ലി ലിറ്റർ വീതം കഴിച്ചാൽ മദ്യം കഴിച്ചുണ്ടാകുന്ന അസ്വസ്ഥതകൾ മാറിക്കിട്ടും.
പ്രാണികൾ കടിച്ചുണ്ടാകുന്ന നീര്, വിഷം എന്നവിയ്ക്കും തഴുതാമ നല്ലതാണ്. തഴുതാമ വേര്, എരുത്തിൽ വേര്, കടുക്കമൂലി വേര്. മഞ്ഞൾ, വയമ്പ് ഇവ സമാസം ചേര്ത്ത് ഗോമൂത്രത്തിൽ ചാലിച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാൽ നീര് വറ്റും.
ആമവാതത്തിന് ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് തഴുതാമ. തഴുതാമയുടെ വേര്, കച്ചോലം, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമായി രാവിലെയും വൈകുന്നേരവും 25 മില്ലി ലിറ്റർ വീതം ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ ആമവാതം ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക