ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതുകൂടാതെ വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും എന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ 1.4 m വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട് എന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് മലപ്പുറം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുകൂടാതെ മെയ് 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
നേരിയ മഴയ്ക്ക് സാധ്യതയുണ്ട് പ്രവചിച്ചിരിക്കുന്ന ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക