ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ ചായ കടിയായും എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ദോശയാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. വളരെ എളുപ്പത്തിൽ മാവ് തയ്യാറാക്കിയ ഉടൻതന്നെ തയ്യാറാക്കി എടുക്കാവുന്ന ദോശ എരിവിനോട് പ്രിയമുള്ളവർക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും. വളരെ രുചികരവും സ്പൈസിയുമായ ഈ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അല്പം അരിപ്പൊടി ചേർത്തു കൊടുക്കാം. ആവശ്യാനുസരണം അരിപ്പൊടി എടുക്കാവുന്നതാണ്. അല്പം കടലമാവും കൂടി ഇതിലേക്ക് ചേർക്കാം. ശേഷം ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വൃത്തിയാക്കിയത് ചെറിയ കഷണങ്ങളായി മുറിച്ചത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം പുളി കുറഞ്ഞ കുറച്ച് തൈര് കൂടി ചേർത്തു കൊടുക്കണം.
എരുവിന് ആവശ്യമായ വറ്റൽ മുളക്, പാകത്തിന് ഉപ്പ്, അല്പം ബേക്കിംഗ് സോഡ, കുറച്ച് കറിവേപ്പില എന്നിവ കൂടി ചേർത്ത് കൊടുക്കണം. ശേഷം അല്പം മാത്രം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തെടുക്കാം.
ശേഷം ഒരു പാൻ അടുപ്പത്തു വച്ച് ഓരോ തവി മാവെടുത്ത് ദോശ പരത്തുന്നതുപോലെ പരത്തിയെടുക്കാം. മുകളിൽ എണ്ണ തൂവി കൊടുത്ത് മൊരിയിച്ചെടുക്കണം. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ വാങ്ങാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം മറുഭാഗം തിരിച്ചിട്ട് മൊരിയിച്ചെടുത്താൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക