ആലപ്പുഴ:ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ 52199 വോട്ടുകളുടെ ലീഡിനാണ് കെ സി വേണുഗോപാൽ മുന്നിൽ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴ.
രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം ഉയർത്തിയെങ്കിലും പിന്നീടു താഴേക്ക് പോവുകയായിരുന്നു.
രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ മത്സരിക്കാനിറങ്ങിയത്. ലോക്സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും.
അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ് തുടരുകയാണ്. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.
വയനാട്ടില്‍ ലീഡ് നില രണ്ടു ലക്ഷം കടന്ന് രാഹുല്‍ ഗാന്ധി മുന്നേറുമ്പോള്‍ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും കോഴിക്കോട് എം കെ രാഘവനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ഒരു ലക്ഷത്തിന് മുകളിലാണ് ലീഡ് ചെയ്യുന്നത്.
ഇ ടി മുഹമ്മദ് ബഷീറിന്റെയും ഹൈബി ഈഡന്റെയും ലീഡ് ഒന്നര ലക്ഷം കടന്നിരിക്കുകയാണ്. കണ്ണൂരില്‍ കെ സുധാകരന്, വടകരയില്‍ ഷാഫി പറമ്പില്‍, പാലക്കാട് വി കെ ശ്രീകണ്ഠന്, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരുടെ ലീഡ് നില 50000ന് മുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക