ഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ യു.പിയിൽ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ. അടുത്ത അഞ്ചുദിവസം യുപിയിൽ യാത്ര നടത്തും. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാനായി രാഹുലെത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും രാഹുൽഗാന്ധിയുടെ ഒപ്പം ഉണ്ടാകും. ഇന്ന് വൈകുന്നേരം 4:30 ന് റായ്ബറേലിയിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. യു.പിയിലെ യാത്രക്ക് ശേഷം ആയിരിക്കും രാഹുൽ വയനാട്ടിലേക്ക് എത്തുകയെന്നാണ് സൂചന.
റായ്ബറേലിയിലും വയനാട്ടിലും വന്‍ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ റായ്ബറേലി മണ്ഡലമാണ് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിന്റെ സാന്നിധ്യം യുപിൽ വേണമെന്നാണ് പാർട്ടി പക്ഷം.
രാഷ്ട്രീയ ശരി റായ്ബറേലിയെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തൽ. എന്നാൽ, വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏത് ലോകസഭാ മണ്ഡലത്തിൽ തുടരാനാണ് താല്പര്യമെന്ന് ശനിയാഴ്ചയ്ക്കകം രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർക്ക് കത്തു നൽകും. അത് വരെ രാഹുലിന്റെ മൗനമുണ്ടാകുമെന്നും വിലയിരുത്തൽ. വയനാട് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ഡൽഹിയിലെത്തി, മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. വയനാടിനോടാണ് പ്രിയമെന്ന് രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വൻഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. യു.പിയിലും കേരളത്തിലും രാഹുലിന്റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യത്തിന്റെ വൻ മുന്നേറ്റത്തിനു കാരണവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക