ന്യൂഡല്‍ഹി: ബജാജിന്റെ പുതിയ സിഎന്‍ജി ബൈക്ക് ജൂലൈ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സിഎന്‍ജിയിലും പെട്രോളിലും ഓടിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കായിരിക്കും ഇത്. മെട്രോ നഗരങ്ങളില്‍ സിഎന്‍ജി നിറയ്ക്കാന്‍ എടുക്കുന്ന സമയം കണക്കിലെടുത്താണ് പെട്രോള്‍ ഇന്ധനവും നിറയ്ക്കാനുള്ള ക്രമീകരണം ഇതില്‍ ഒരുക്കിയിരിക്കുന്നത്.
വിശാലമായി ഇരിക്കാന്‍ പാകത്തിനാണ് ബൈക്കില്‍ സിഎന്‍ജി ടാങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 125 സിസി ബൈക്കില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് വരിക. ബജാജ് സിഎന്‍ജി ബൈക്ക് രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഒന്നിലധികം സ്പോക്കുകളുള്ള അലോയ് വീലുകള്‍, നീളമുള്ള സിംഗിള്‍ പീസ് സീറ്റ്, ഡിസ്കിന്റേയും ഡ്രം ബ്രേക്കിങ് സിസ്റ്റത്തിന്റേയും കോമ്പിനേഷന്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
ഗ്രാമീണ ഇന്ത്യയ്ക്കും നഗരത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും വേരിയന്റുകള്‍. ഏകദേശം 80,000 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.20 വര്‍ഷം മുമ്പ് അവതരിപ്പിച്ച ബജാജിന്റെ അഭിമാന മോഡലായ പള്‍സറിന്റെ വില്‍പ്പന 20 ലക്ഷം യൂണിറ്റുകളിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ സിഎന്‍ജി ബൈക്കിന്റെ പ്രഖ്യാപനം.
സിഎന്‍ജി പൈപ്പ്ലൈന് രാജ്യത്തെമ്പാടും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത് ആളുകള്‍ കൂടുതലായി സിഎന്‍ജി വാഹനങ്ങളെടുക്കാന്‍ കാരണമായെന്നും മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ് ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മാതാക്കള്‍ സിഎന്‍ജി വണ്ടികള്‍ കൂടുതലായി വില്‍ക്കുന്നത് നേട്ടമാണെന്നും രാജീവ് ബജാജ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക