റെയില്‍വേ ജനറല്‍, സീസണ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റും ബുക്ക് ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്ളിക്കേഷന്‍ (യു.ടി.എസ്. ആപ്പ്) ആരംഭിച്ചു. ഈ ആപ്പ് വഴി യാത്രക്കാരന് പേപ്പര്‍ ടിക്കറ്റും പേപ്പര്‍ രഹിത ടിക്കറ്റും എടുക്കാനാകും. ആന്‍ഡ്രോയിഡ്/ വിന്‍ഡോസ് സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാകും.
അതേസമയം യാത്രക്കാരന് റെയില്‍വേ വാലറ്റില്‍ (ആര് വാലറ്റ്) പണം നിക്ഷേപിക്കണം. ആര് വാലറ്റില്‍ 100 രൂപ മുതല്‍ 5000 രൂപ വരെ നിക്ഷേപിക്കാം. തുടര്‍ന്ന് യാത്രയുടെ ആവശ്യമനുസരിച്ച് ആപ്പ് വഴി ബുക്ക് ചെയ്യാം. ആര് വാലറ്റ്, പേ ടിഎം, മൊബിക്വിക് എന്നിവ വഴി ടിക്കറ്റ് തുക നല്‍കാം. പ്ലാറ്റ് ഫോം ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും ഉപയോഗിക്കാനാവുക. റദ്ദാക്കാന്‍ സാധിക്കില്ല.
കൂടാതെ യാത്രക്കാരന് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ മൊബൈലില്‍ എസ്.എം.എസ്. ആയി ലഭിക്കും. ഇതിന്റെ പ്രിന്റ് എടുക്കാതെ തന്നെ യാത്ര ചെയ്യാനാകും. ടിക്കറ്റ് പരിശോധനയ്ക്കു വരുമ്പോള്‍ യാത്രക്കാരന് മൊബൈല്‍ ആപ്പിലെ ‘ഷോ ടിക്കറ്റ്’ ഭാഗം ചെക്കറെ കാണിച്ചാല്‍ മതി. ആപ്പ് വഴി ബുക്ക് ചെയ്ത ശേഷം ഫോണില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ആപ്പിലെ ‘ ഷോ ടിക്കറ്റ്’ ഭാഗം ഇന്റര്‍നെറ്റ് ഇല്ലാതെയും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക