കണ്ണൂർ: സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും ആളുകളെ വഴിതടയുകയും, വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പലയിടത്തും കടകള്‍ അടപ്പിച്ചു.
ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു.
കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്ബ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുന്നത്.
കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയില്‍ ഹര്‍ത്താലനുകൂലികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകള്‍ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു.
വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.
അതേസമയം ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക