സൗന്ദര്യസങ്കൽപ്പത്തിന് ഇക്കാലത്തു ആൺ പെൺ വ്യത്യാസങ്ങളില്ല. പലപ്പോഴും പെണ്ണിനേക്കാൾ സൗന്ദര്യബോധത്തിൽ മുന്നിട്ട് നിൽക്കുന്നത് പുരുഷന്മാരാണ്. മുഖത്തെ കരുവാളിപ്പ്, കഷണ്ടി, മുടികൊഴിച്ചിൽ തുടങ്ങി പുരുഷന്മാരെ അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങൾ നിരവധിയാണ്.
പുരുഷചർമ്മം സ്ത്രീയുടെ ചർമത്തെക്കാൾ കട്ടി കൂടിയതാണ്. അത് കൊണ്ട് തന്നെ സ്ത്രീകൾ പിന്തുടരുന്ന സൗന്ദര്യസംരക്ഷണ രീതികൾ പിന്തുടർന്നാൽ പുരുഷന്മാർക്ക് പൂർണഫലം ലഭിക്കണമെന്നില്ല. പുരുഷന്മാർക്ക് ചർമ്മസൗന്ദര്യം വീണ്ടെടുക്കാനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം.
ഓറഞ്ചും തേനും
ഓറഞ്ചിന്റെ തൊലി പൊടിച്ചതും ഓട്സും തുല്യ അളവിലെടുത്ത് തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഇത് ചെയ്യാം.
സ്ക്രബ്ബായി ഉപയോഗിക്കാം വാഴപ്പഴം
നല്ലതുപോലെ പഴുത്ത വാഴപ്പഴം ഉടച്ചതിൽ അല്പം പഞ്ചസാര ചേർത്ത് കുഴമ്പാക്കുക. ഇതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് മുഖത്തിൽ വട്ടത്തിൽ സ്ക്രബ് ചെയ്യുക. അഞ്ചു മിനിട്ട് മൃദുവായി സ്ക്രബ് ചെയ്തതിന് ശേഷം അഞ്ചു മിനിട്ട് മുഖത്തങ്ങനെ തന്നെ ഇടുക. അതിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരുതവണ ഇത് ചെയ്യണം.
പപ്പായയും തൈരും
പഴുത്ത പപ്പായ ഉടച്ച് അതിലേക്ക് തൈരും തേനും ചേർത്ത് മുഖത്തു പുരട്ടി വട്ടത്തിൽ മസ്സാജ് ചെയ്യുക. അഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഓട്സും തക്കാളിനീരും
ഒരു തക്കാളി എടുത്ത് നെടുകെ മുറിക്കുക. ഓട്സും പഞ്ചസാരയും പൊടിച്ച് മിക്സ് ചെയ്ത് വയ്ക്കുക. മുറിച്ച തക്കാളി ഈ മിശ്രിതത്തിൽ മുക്കി മുഖത്ത് വട്ടത്തിൽ മസ്സാജ് ചെയ്യുക. ആഴ്ചയിൽ മൂന്നു തവണ ഇത് ആവർത്തിക്കാം.
പാദസൗന്ദര്യത്തിന് നാരങ്ങാനീര്
പുരുഷന്റെ പാദങ്ങളും അവന്റെ സൗന്ദര്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. വൃത്തിയുള്ളതും സുന്ദരവുമായ പുരുഷ പാദങ്ങൾ സ്ത്രീകളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് മിശ്രിതമാക്കി അത് കാലിൽ പുരട്ടി അഞ്ചു മിനിട്ട് തുടർച്ചയായി സ്ക്രബ് ചെയ്യുക. ആഴ്ചയിലൊരിക്കലെങ്കിലും ഇതാവർത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക