ഏറെ സവിശേഷതകളുണ്ടെന്ന് കൊട്ടിഘോഷിച്ച് വിപണിയിലെത്തിക്കുകയും എന്നാൽ വിപണിയിൽ യാതൊരു തരംഗവും സൃഷ്ടിക്കാതെ കമ്പനികൾക്ക് വൻനഷ്ടങ്ങളുണ്ടാക്കി കൊടുത്ത ചില സ്മാർട്ട് ഫോണുകളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട 5 ഫോണുകളെ പരിചയപ്പെടാം.
1 ദി നോക്കിയ എൻ ഗേജ് (2003)
ലോകം കുഞ്ഞു ഫോണുകളിൽ നിന്ന് ഇന്റർനെറ്റ് അധിഷ്ഠിത ഫോണുകളിലേക്ക് ചുവടുമാറാൻ തുടങ്ങിയ കാലത്ത് നോക്കിയ പുറത്തിറക്കിയ ഗെയിമിംഗ് ഫോണാണ് ദി നോക്കിയ എൻ ഗേജ്. പക്ഷെ ഈ ഫോൺ വിപണിയിൽ വൻ ദുരന്തമായിരുന്നു. പലരും ഈ മോഡൽ ചിത്രങ്ങളിൽ മാത്രമാണ് കണ്ടത്.
2 ദി ബ്ലാക്ബെറി സ്റ്റോം (2008)
2008 കാലഘട്ടത്തിൽ കീപാഡ് ഫോണുകളുമായി ലോകമെമ്പാടുമുള്ള ആരാധകരുടെ കൈയിൽ വിലസുകയായിരുന്നു ബ്ലാക്ബെറി സ്മാർട്ട് ഫോണുകൾ. ആയിടയ്ക്ക് ആളുകൾ കൂടുതലായി ഐഫോണിലേക്ക് ആകൃഷ്ടരാകുന്നത് ബ്ലാക്ക്ബെറിയെ ഒരു ടച്ച് ഫോൺ നിർമ്മിക്കുന്നതിന് പ്രേരിപ്പിച്ചു. ഇത്തരത്തിൽ വളരെ തിരക്കിട്ടിറക്കിയ ബ്ലാക്ബെറി ടച്ച് മോഡലായിരുന്നു ദി ബ്ലാക്ബെറി സ്റ്റോം. കാഴ്ചയിൽ ഏറെ ഭംഗിയുണ്ടായിരുന്നെങ്കിലും സോഫ്റ്റ്വെയർ തലത്തിലോ യൂസർ ഫ്രണ്ട്ലി എന്ന നിലയിലോ ഈ ഫോൺ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. ബ്ലാക്ബെറി കമ്പനിചരിത്രത്തിലെ തന്നെ ഇരുണ്ട അദ്ധ്യായമായിരുന്നു ദി ബ്ലാക്ബെറി സ്റ്റോം .
3 ആമസോൺ ഫയർ ഫോൺ (2014)
അഞ്ചു വർഷത്തെ പരീക്ഷണങ്ങൾ, മികവാർന്ന ഒരുപിടി സവിശേഷതകൾ എന്നുതുടങ്ങി നിരവധി അവകാശവാദങ്ങളുമായി എത്തിയ ഫോണായിരുന്നു ആമസോൺ ഫയർ ഫോൺ. എന്നാൽ അതൊന്നും ഫോൺ പുറത്തിറങ്ങിയപ്പോൾ കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഫോൺ ലോകം ഈ മോഡലിനെ പാടെ കൈവിട്ടുകളയുകയായിരുന്നു.
4 എച്ച് ടി സി ഫസ്റ്റ് ഫെയ്സ്ബുക്ക് ഫോൺ (2013)
മൂന്ന് വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഫെയ്സ്ബുക്ക് ഫോൺ എന്ന വിശേഷണത്തോടെ എച്ച് ടി സി ഫസ്റ്റ് ഇറങ്ങുന്നത്. എന്നാൽ ഫോൺ കണ്ടതോടെ ഫോണിന് വേണ്ടി കാത്തിരുന്നവരൊക്കെ അന്ധാളിച്ചു. ഒരു സാധാരണ സ്മാർട്ട് ഫോൺ തന്നെയായിരുന്നു സംഭവം. ആകെയുള്ള മാറ്റം ഫെയ്സ്ബുക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഹോം സ്ക്രീൻ അഥവാ ലോഞ്ചർ മാത്രം. ഒപ്പം ഡിസൈനും വളരെ മോശമായിരുന്നു. ആദ്യം 99 ഡോളറിന് വിട്ട ഫോൺ ഒടുവിൽ 0.99 ഡോളറിന് വിറ്റഴിക്കേണ്ടി വന്നു.
5 മൈക്രോസോഫ്റ്റ് കിൻ (2010)
സ്മാർട്ട് ഫോൺ മേഖല എന്നും മൈക്രോസോഫ്റ്റിന് പരാജയങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. അക്കൂട്ടത്തിൽ ഏറെ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന മോഡലാണ് മൈക്രോസോഫ്റ്റ് കിൻ. ഇതിനെ ഒരു ഫോൺ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ഫെയ്സ്ബുക്ക്, ട്വിറ്റെർ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള ഒരുപകരണമായിരുന്നു അത്. കൂടാതെ ഉയർന്ന വിലയും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഈ മോഡൽ ഉപയോക്താക്കൾ പാടെ ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക