താര സംഘടനയായ അമ്മയിലേക്ക് കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്നും രാജി വച്ച നടിമാർക്ക് പിന്തുണയുമായി സംസഥാന വനിതാ കമ്മീഷൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
“നടിക്കെതിരെ അത്യന്തം നീചമായ ആക്രമണമാണുണ്ടായത്. അതിലെ കുറ്റാരോപിതരെ സംരക്ഷിക്കുകയാണ് സംഘടന ചെയ്യുന്നത്. അതിനാലാണ് നാല് നടിമാർക്ക് സംഘടന വിട്ട് പോകേണ്ടി വന്നത്. സംഘടനയുടെ പ്രസിഡണ്ടായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. കേണൽ പദവി വഹിക്കുന്ന മോഹൻലാലിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. ഇത് അതിനു വിരുദ്ധമായ നടപടിയാണ്. മോഹൻലാലിനോടുള്ള മതിപ്പ് കുറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി രൂപീകരിക്കുന്നതിൽ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജു പ്രതികരിക്കണം.” ; ജോസഫൈൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക