Home LATEST NEWS നീരാളി വെറും നീരാവിയോ?

നീരാളി വെറും നീരാവിയോ?

എട്ടു മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം, ഹിറ്റ് ജോഡികളായ മോഹൻലാലും നദിയ മൊയ്തുവും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം, ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ മലയാളത്തിലേക്കെത്തുന്ന ചിത്രം തുടങ്ങി നീരാളിയെക്കുറിച്ചുള്ള പ്രേക്ഷകപ്രതീക്ഷകൾ വാനോളമായിരുന്നു. എല്ലാത്തിലുമുപരി മോഹൻലാലിൻറെ സ്ലിം ആയ പുതിയ ഗെറ്റപ്പിലിറങ്ങുന്ന ആദ്യത്തെ ചിത്രമെന്ന കൗതുകവും നീരാളിക്കുണ്ടായിരുന്നു.

ബാംഗ്ലൂരിലെ ജെമ്മോളജിസ്റ്റായ സണ്ണി(മോഹൻലാൽ) ഭാര്യ മോളിക്കുട്ടിയുടെ(നദിയ മൊയ്തു) പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പുറപ്പെടുന്നു. കൂടെ ഡ്രൈവർ വീരപ്പനുമുണ്ട് (സുരാജ് വെഞ്ഞാറമൂട്). വഴിമധ്യേ ഇവരുടെ വാഹനം അപകടത്തിൽ പെട്ട് കൊക്കയിലേക്ക് മറിയാൻ തയ്യാറായി നിൽക്കുന്നു. മരണത്തിനും ജീവിതത്തിനുമിടയിൽ സണ്ണിയും വീരപ്പനും കഴിച്ചുകൂട്ടുന്ന നിമിഷങ്ങളാണ് സിനിമയുടെ കഥാതന്തു.

അറിയപ്പെടുന്ന ജെമ്മോളജിസ്റ്റായ സണ്ണിയും കമ്പനിവക അഞ്ച് കോടിയോളം രൂപയുടെ രത്‌നങ്ങളുമായി വരുന്ന സണ്ണിയും വീരപ്പനും യാത്ര ചെയ്യുന്നത് പിക്കപ്പ് വാൻ പോലിരിക്കുന്ന ഒരു തട്ടിക്കൂട്ട് വാഹനത്തിലാണ്. വണ്ടി കൊക്കയിലേക്ക് മറിച്ചിടണം എന്നുള്ളത് കൊണ്ടാകാം ഇവരുടെ യാത്ര ഇതുപോലൊരു ഇതുപോലൊരു വണ്ടിയിലാക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചതെന്ന് തോന്നിപ്പോകും. ഇത്രയും സമ്പന്നനായ സണ്ണിയുടെ കൈയിൽ അത്യാവശ്യ ഘട്ടത്തിൽ ഒരു കാൾ വിളിക്കാൻ ബാലൻസില്ലാതായതും കഷ്ട്ടമെന്നല്ലാതെ എന്ത് പറയാൻ.

മോഹന്‍ലാലും നദിയയും മലയാളത്തിന്റെ പ്രിയജോടി തന്നെയാണ്. നദിയ മുതിര്‍ന്ന നായികയാണ് എന്നതുകൊണ്ട് നായകന്റെ ജോടിയായതില്‍ ഒരു കുറച്ചിലുമില്ല. പക്ഷെ വിവാഹം കഴിഞ്ഞ മധ്യവയസിലെത്തിയ നായകന്റെ പിറകെ നടക്കുന്ന യൗവ്വനയുക്തയായ ഒരു നായികയില്ലെങ്കിൽ നായകൻറെ ഇമേജിന് കോട്ടം തട്ടുമെന്ന് വിചാരിച്ചിട്ടാകും നൈന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.

കാടിനെ മുഴുവൻ തന്റെ ചൊൽപ്പടിയിൽ നിർത്തിയ മുരുകനിൽ നിന്നും ഒരു പാമ്പിനെക്കണ്ട് പേടിച്ച് ഫോൺ പോലും എടുക്കാൻ സാധിക്കാതെ സ്തബ്ധനായി ഇരിക്കുന്ന സണ്ണിയിലേക്കുള്ള മോഹൻലാലിൻറെ കഥാപാത്രമാറ്റം പ്രേക്ഷകനിൽ പുതുമ തോന്നിക്കാൻ മാത്രം പര്യാപ്തമാണ്. സ്ലിം ആയി ചെറുപ്പം തോന്നിക്കുന്ന മോഹൻലാലിന്റെ പുതിയ ലുക്കും ഗംഭീരമായി. മോഹൻലാലിന്റെ അഭിനയം പതിവുപോലെ ഗംഭീരമായെന്ന് പറയേണ്ടതില്ലല്ലോ. വീരപ്പനായി സുരാജ് മികച്ച അഭിനയം കാഴ്ച വച്ചു. ദിലീഷ് പോത്തൻ , നാസർ, പാർവ്വതി നായർ, ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങൾ. അനിശ്ചിതത്വം നിറഞ്ഞ ഒരു തിരക്കഥയെ സിനിമയാക്കാൻ അജോയ് വർമ്മ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

ചുരുക്കത്തിൽ വാനോളം പ്രതീക്ഷകളുമായി കയറിയ സാധാരണപ്രേക്ഷരുടെ പ്രതീക്ഷകൾ മുഴുവൻ സിനിമ കഴിഞ്ഞപ്പോൾ നീരാവിയായിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു.

Also Read :   എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ