കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പോലീസ് വിട്ടയച്ചു.
നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കളെവിട്ട സാഹചര്യത്തിൽ ഹർത്താൽ ഒഴിവാക്കാനാണ് തീരുമാനം.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, അബ്ദുൾ മജീദിന്റെ ഡ്രൈവർ സക്കീർ, ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനെത്തിയപ്പേഴാണ് എസ്ഡിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷംതിരിച്ചിറങ്ങുമ്പോഴായിരുന്നു പോലീസ് നടപടി. പോലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന എസ്ഡിപിഐ ഭാരവാഹികളെ ബലംപ്രയോഗിച്ചാണ് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക